International
ജറുസലെം: ഇസ്രയേലിലെ ബ്നി ബ്രാകിൽ നിർബന്ധിത സൈനിക സേവന നിയമത്തിനെതിരേ തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദി സമൂഹത്തിന്റെ പ്രതിഷേധം.
രണ്ടു വനിതാ സൈനികർ ഹരേദി ജൂതരുടെ പ്രദേശത്ത് നോട്ടീസ് നൽകാനെത്തിയതാണു സംഘർഷത്തിനു കാരണമായത്. ഇവരെ പ്രദേശവാസികൾ സ്ഥലത്തുനിന്ന് ഓടിച്ചു. പോലീസ് എത്തിയാണ് ജനക്കൂട്ടത്തിൽനിന്നു വനിതാ സൈനികരെ രക്ഷപ്പെടുത്തിയത്.
ഇതിനു പിന്നാലെ തെരുവുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാർ മാലിന്യവീപ്പകൾ കത്തിച്ചു, റോഡ് തടഞ്ഞു, പോലീസ് വാഹനം മറിച്ചിട്ടു, ബൈക്ക് കത്തിച്ചു.
സംഭവത്തിൽ ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. നിർബന്ധിത സൈനികസേവന ഉത്തരവുകൾ നൽകാനാണു വനിതാ സൈനികർ എത്തിയതെന്ന് തെറ്റിദ്ധരിച്ചാണ് സംഘർഷമുണ്ടായത്.
സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 28 പേരെ അറസ്റ്റ് ചെയ്തു. ജൂത ഇസ്രേലികൾക്ക് സൈനികസേവനം നിർബന്ധമാണ്. എന്നാൽ, തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് പരിഷ്കരിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
NRI
കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ' നടക്കുമ്പോൾ, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷൻ ഏജൻസിക്ക് (ICE) എതിരെ പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി.കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിന് പുറത്താണ് അദ്ദേഹം പ്രതിഷേധക്കാർക്കൊപ്പം ചേർന്നത്.
ആഡംബരത്തിലിരുന്ന് കളി കാണുന്നതിന് പകരം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സിലിക്കൺ വാലി എം.പിയായ റോ ഖന്ന പറഞ്ഞു.
കളി കാണാൻ എത്തുന്നവരിൽ നിന്നും വിദേശികളെ പിടികൂടാൻ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ സൂചനകൾ പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു.
ഇമിഗ്രേഷൻ ഏജന്റുമാരെ ഭയന്ന് നിരവധി ആളുകൾ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സൂപ്പർ ബൗൾ ഞായറാഴ്ച തന്റെ ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. ICE Out എന്നെഴുതിയ ബോർഡുകളുമായി പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്ത് അണിനിരന്നു. ഐസിന് പുതിയ ഫണ്ടുകൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിൽ ഇമിഗ്രേഷൻ പരിശോധനകൾ ഉണ്ടാകില്ലെന്ന് എൻഎഫ്എൽ (NFL) സുരക്ഷാ വിഭാഗം അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവ്യക്തമായ മറുപടികളാണ് പ്രതിഷേധത്തിന് കാരണമായത്.
National
പാറ്റ്ന: ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവിന്റെ (രാജേഷ് രഞ്ജൻ) അറസ്റ്റിൽ പ്രതിഷേധിച്ച് പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം. എൻഡിഎ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാരോപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കോലം കത്തിച്ചു.
വ്യാജരേഖ ചമയ്ക്കൽ കേസിൽ വെള്ളിയാഴ്ച രാത്രി പോലീസ് പപ്പു യാദവിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പപ്പു യാദവിനെ രണ്ടു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
എന്നാൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എംപിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത വാദം കേൾക്കും വരെ അദ്ദേഹം ആശുപത്രിയിൽ തുടരും.
National
ന്യൂഡൽഹി: മണിപ്പുരിലെ പുതിയ ബിജെപി സർക്കാരിന് രാഷ്ട്രീയമായും ധാർമികമായും യാതൊരു ധാരണയുമില്ലെന്നു കുക്കി സ്റ്റുഡന്റ് ഓർഗനൈസേഷൻ.
കലാപത്തിനു പിന്നിൽ പ്രവർത്തിച്ച ആളുകൾക്കും സംഘങ്ങൾക്കുമെതിരേ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിനെതിരേ ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭവും സംഘടിപ്പിച്ചു.
അതേസമയം, ചുരാചന്ദ്പുരിൽ കുക്കികൾ രണ്ടുദിവസമായി തുടർന്ന പ്രതിഷേധം അവസാനിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു. കുക്കി സോ, ഹമർ വിഭാഗങ്ങളിൽപ്പെട്ട മൂന്ന് ബിജെപി എംഎൽഎമാർ സർക്കാർ രൂപവത്കരണത്തെ അനുകൂലിച്ചതാണു പ്രതിഷേധത്തിനു കാരണം.
വൈ. ഖേംചന്ദിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കുക്കി വനിതാ നേതാവ് നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയായി ചേർന്നതും എംഎൽഎമാരായ എൽ.എം. ഖൗട്ടെയും എൻ. സനേറ്റും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതുമാണു പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഇതേത്തുടർന്ന് പലയിടങ്ങളിലും നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.